അമൃതഹള്ളിയിൽ പത്തൊൻപതുകാരിയെ വില്ലയിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രാഷ്ട്രീയ നേതാവിന്റെ മകൻ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നബിൽ, ഡിക്സൺ, അനിരുദ്ധ, മോഹിത്, അവൻ എന്നിവരാണ് പിടിയിലായത്. ഇതിൽ അനിരുദ്ധ് ദാവൻഗരെ കൗൺസിലറുടെ മകനാണ്. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള വില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചാണ് പ്രതികൾ പെൺകുട്ടിയെ വലയിലാക്കിയത്. പാർട്ടി ആഘോഷിക്കാനെന്ന വ്യാജേന പെൺകുട്ടിയെ വില്ലയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് നിർബന്ധപൂർവ്വം ലഹരി ഗുളികകൾ നൽകി അബോധാവസ്ഥയിലാക്കിയ ശേഷം രണ്ടുപേർ ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പീഡനത്തിന് ശേഷം മോഹിത്തിന്റെ കാറിൽ കയറ്റി പെൺകുട്ടിയെ ലുലു മാളിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
ഈ കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ സമാനമായ രീതിയിൽ തട്ടിപ്പിനിരയായ 19 ഓളം പെൺകുട്ടികൾ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നഗരത്തിലെ പ്രമുഖ കോളേജുകളിലെ വിദ്യാർത്ഥിനികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. മോഡലിംഗ്, ഫോട്ടോഷൂട്ട്, പാർട്ടി എന്നിവയുടെ പേരിൽ പെൺകുട്ടികളെ ക്ഷണിക്കുന്നതാണ് ഇവരുടെ രീതി. ആദ്യം പബ്ബുകളിലും കഫെകളിലും വെച്ച് കണ്ട് വിശ്വാസം നേടിയെടുത്ത ശേഷം, പിന്നീട് വില്ലകളിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഈ സംഘത്തിന്റെ സ്ഥിരം രീതിയാണെന്ന് പോലീസ് കണ്ടെത്തി.
കേസിലെ പ്രധാന പ്രതിയായ അനിരുദ്ധാണ് പീഡനം നടന്ന വില്ല ബുക്ക് ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. കോൺട്രാക്ടർ കൂടിയായ അനിരുദ്ധിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രാവൺ, മോഹിത്ത് എന്നിവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളെ ഇത്തരത്തിൽ വില്ലകളിൽ എത്തിക്കുന്നതിനായി സംഘത്തലവൻ നിഖിൽ മറ്റുള്ളവർക്ക് പണം നൽകിയിരുന്നതായും വിവരമുണ്ട്. നിലവിൽ കേസിൽ ഏഴ് പേരെ സാക്ഷികളായി ചേർത്തിട്ടുണ്ട്.
















