കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ. മാർച്ചിൽ തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നാണ് സൂചനകൾ. ഏപ്രിൽ-മേയ് മാസങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന രീതിയിലാകും ക്രമീകരണങ്ങൾ.
കേരളത്തിൽ ഏപ്രിൽ മൂന്നാം വാരത്തോടെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാളിൽ സുരക്ഷാ കാരണങ്ങളാൽ അഞ്ചിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നീളാൻ സാധ്യതയുള്ളപ്പോൾ, തമിഴ്‌നാട്ടിലും അസമിലും ആദ്യഘട്ടത്തിൽ തന്നെ നടപടികൾ പൂർത്തിയാക്കിയേക്കും.
ബംഗാളിലെ വോട്ടെടുപ്പ് മേയ് ആദ്യവാരം വരെ നീളുമെന്നാണ് നിലവിലെ കണക്കുകൂട്ടലുകൾ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.
















