താരസംഘടനയായ അമ്മയുടെ ഈ വർഷത്തെ കുടുംബസംഗമത്തിന് ശേഷം നിരവധി പ്രശ്നങ്ങളും വിവാദങ്ങളുമാണ് സംഘടനയിൽ നടന്നുകൊണ്ടിരിക്കുന്നത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ വന്ന ചില ഓഡിയോ ക്ലിപ്പുകൾ ചോർന്നിരുന്നു. അതിനെ തുടർന്ന് അന്വേഷണം വേണമെന്ന് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർ ആവിശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഓൺലെെൻ ആയി എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ലക്ഷ്മിപ്രിയയെ പുറത്താക്കുക എന്നൊരു അജണ്ടയായിരുന്നു അന്നുണ്ടായിരുന്നത്. എന്നാൽ അതൊന്നും നടപ്പാക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് വീണ്ടും യോഗം ചേർന്നത്. എന്നാൽ പ്രത്യേകിച്ച് പ്രധാന തീരുമാനങ്ങളൊന്നും തന്നെ എടുക്കാതെയാണ് യോഗം പിരിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മീറ്റിങ്ങിനിടെ ലക്ഷ്മിപ്രിയ അൺപാർലമെന്ററിയായിട്ടുള്ള വാക്ക് സംസാരിച്ചുവെന്നത് വലിയ വിവാദമായിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞപ്പോൾ മുൻപ് നടന്ന ഇത്തരം പ്രശ്നങ്ങളും അന്വേഷിക്കണമെന്ന് സിജോയ് വർഗീസ് പറയുകയുണ്ടായി. കൂടാതെ എക്സിക്യൂട്ടീവ് യോഗത്തിൽ കണക്കുകളും അവതരിപ്പിച്ചു. പണം നൽകുന്നതിനെച്ചൊല്ലിയും യോഗത്തിൽ ചെറിയ തർക്കങ്ങളുണ്ടായിരുന്നു. പ്രൊഫെെലുകൾ ഉണ്ടാക്കുന്നതിനായി ഓഡിയോ വീഡിയോ എല്ലാം ചെയ്തത് സരയുവിന്റെ ഭർത്താവായ സനലായിരുന്നു. അദ്ദേഹത്തിന് പണം നൽകുന്നതിനെച്ചൊല്ലി അൻസിബയുമായി തർക്കങ്ങളുണ്ടായി. അമ്മയിലെ പണമെടുത്ത് അംഗങ്ങളുടെ ഭത്താക്കൻമാർക്ക് കൊടുക്കാൻ കഴിയില്ല എന്ന പരാമർശമെല്ലാം അൻസിബ യോഗത്തിൽ ഉയർത്തുകയുണ്ടായി. ഇതിനെത്തുടർന്ന് സരയു കരയുന്ന നിലയിലേക്ക് വരെ പോയി. പിന്നീട് പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരിക്കവെ അൻസിബ യോഗത്തിൽനിന്നും ഇറങ്ങിപ്പോയെന്നാണ് വിവരം. അത് ശരിയായില്ല എന്ന നിലപാടിലാണ് ചില അംഗങ്ങൾ.
ഓഡിയോ ചോർന്ന കാര്യത്തെക്കുറിച്ചും ചർച്ചയിൽ വന്നു. പതിനേഴ് പേരുടെ ഫോണും തന്നാൽ അതെവിടെനിന്ന് ചോർന്നു എന്ന് കണ്ടുപിടിക്കാനാകുമെന്ന് പറഞ്ഞു. എന്നാൽ സെക്രട്ട്രറിയുടേതുൾപ്പെടെ ഓഡിയോ പുറത്തുവന്നത് ഒരു ചാനലിലാണ്. അതുകൊണ്ട് ആ ചാനലിന്റെ ആളുടെ ഫോൺ മാത്രം പരിശോധിച്ചാൽ ആര് ചോർത്തി എന്ന് മനസിലാകുമല്ലൊ എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. ലക്ഷ്മിപ്രിയയെ പുറത്താക്കുക എന്നൊരു അജണ്ട ഈ യോഗത്തിലും ഉണ്ടായിരുന്നു. എന്നാൽ തുടക്കം മുതൽതന്നെ ആ അജണ്ട പാളി എന്നതാണ് വാസ്തവം. വിവാദങ്ങൾ അന്വേഷിക്കാനായി മുൻപ് രൂപീകരിച്ച കമ്മിറ്റിയിൽ നിന്നും ചിലർ പിരിഞ്ഞു പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. ആശാ അരവിന്ദ്, കുഞ്ചൻ എന്നിവർ സ്വമേധയാ അന്വേഷണ കമ്മിറ്റിയിൽ നിന്നും ഒഴിഞ്ഞു. കൂടാതെ ഇഫ്താർ സംഗമം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ടിനി ടോം, കെെലാഷ്, സിജോയ് വർഗീസ് എന്നിവരാണ് അതിന്റെ കാര്യങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം ലക്ഷ്മിപ്രിയയുടെ ഓഡിയോ ചോർന്ന പ്രശ്നം അന്വേഷിക്കാൻ ബാക്കിനിൽക്കുകയാണ്. കൂടാതെ കുടുംബസംഗമത്തിന് ശേഷം ടിനി ടോമിന്റെ വാട്സാപ്പ് മെസ്സേജ് ചോർന്നതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്ന ആവിശ്യവും ഉന്നയിച്ചിട്ടുണ്ട്. നിലവിൽ ഒരു പ്രശ്നങ്ങൾക്കും തീരുമാനങ്ങൾ ഒന്നും ആവാതെയാണ് എക്സിക്യൂട്ടീവ് യോഗം പിരിഞ്ഞത്. ആർക്കെതിരെയും നടപടിയെടുക്കാനോ അന്വേഷണം പുറപ്പെടുവിക്കാനോ ഉള്ള ആർജ്ജവം കമ്മിറ്റിക്ക് ഉണ്ടായിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
















