തെന്നിന്ത്യൻ താരം അല്ലു അര്‍ജുന്റെ സഹോദരൻ അല്ലു സിരീഷിന്റെ വിവാഹത്തില്‍ തിളങ്ങി മലയാളികളുടെ പ്രിയ താരം ബേസില്‍ ജോസഫ്. നവദമ്പതികൾക്കും അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിക്കുമൊപ്പമുള്ള ബേസിലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രി വെഡ്ഡിങ് റിസപ്ഷനാണ് ബേസില്‍ എത്തിയത്. സംവിധായകരായ അറ്റ്‍ലി, സുകുമാർ എന്നിവരെ പരിചയപ്പെടുന്ന ബേസിലിന്റെ ചിത്രങ്ങളും ഇതിനൊപ്പം കാണാം.
തെന്നിന്ത്യയിൽ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് അല്ലു സിരീഷിന്റെ വിവാഹത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം താര നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു. ഹൈദരാബാദില്‍ വച്ചു നടന്ന പെള്ളി കൊടുകു ചടങ്ങിനാണ് ഇരുവരും എത്തിയത്.
അതേസമയം ബേസിലിന്റെ ഈ വരവ് മറ്റു ചില ചർച്ചകൾക്കു കൂടി വഴി വച്ചിരിക്കുകയാണ്. അല്ലു അർജുൻ നായകനാകുന്ന 24ാമത്തെ സിനിമ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സൂപ്പർഹീറോ ഫാന്റസി സിനിമയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രി പ്രൊഡക്‌ഷൻ നടക്കുകയാണെന്നും അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ പ്രോജക്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നും കേൾക്കുന്നു.
ഏപ്രിൽ എട്ടിനാണ് അല്ലുവിന്റെ പിറന്നാൾ. അങ്ങനെയെങ്കിൽ ആ ദിവസം ബേസിൽ ജോസഫ് സിനിമയുടെ അനൗൺസ്മെന്റ് ഉണ്ടായേക്കും. ലോകേഷ് കനകരാജ്, അറ്റ്‍ലി എന്നിവർ സംവിധായകരാകുന്ന രണ്ട് പ്രോജക്ടുകളാണ് നിലവിൽ അല്ലുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 2021ൽ റിലീസ് ചെയ്ത ‘മിന്നൽ മുരളി’യാണ് േബസിൽ അവസാനമായി സംവിധാനം ചെയ്ത സിനിമ.
മാർച്ച് ആറിനാണ് അല്ലു സിരീഷിന്റെ വിവാഹം. പ്രണയിനിയായിരുന്ന നയനിക റെഡ്ഡിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വർഷം നവംബറിൽ ഹൈദരാബാദിൽ വച്ച് നടന്നിരുന്നു. ‘ഗൗരവം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ചേട്ടനെപ്പോലെ സിനിമയിൽ അത്ര സജീവമല്ല.2017ൽ മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 1971: ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. 2024ൽ റിലീസ് ചെയ്ത ‘ബഡ്ഡി’യാണ് അല്ലു സിരീഷ് അവസാനം അഭിനയിച്ച സിനിമ.
















