നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. നിർണായക സെക്രട്ടേറിയറ്റ് യോഗം രാവിലെ ചേരും. സീറ്റ് വിഭജനം പൂർത്തിയാക്കാനുള്ള ഇടതുമുന്നണി യോഗം വൈകീട്ട് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുക. സെക്രട്ടേറിയറ്റ് പരിശോധിച്ച ശേഷം ജില്ലകൾ പുതുക്കി നൽകിയ പട്ടിക അടിസ്ഥാനപ്പെടുത്തി സെക്രട്ടേറിയറ്റിൽ അന്തിമ രൂപമുണ്ടാക്കും. ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് അംഗീകരിക്കും.
സംസ്ഥാന കമ്മിറ്റിയിൽ കൂടി അവതരിപ്പിച്ച് ഞായറാഴ്ച സിപിഐഎം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. ഇടതുമുന്നണിയിലെ സീറ്റ് വിഭജനവും വൈകീട്ട് ചേരുന്ന യോഗത്തോടെ പൂർത്തിയാകും. കേരളാ കോൺഗ്രസ് എമ്മിനെ അനുനയിപ്പിച്ച് കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റ് തന്നെ ഇത്തവണയും നൽകാനാണ് സിപിഐഎം ശ്രമിക്കുക. സിപിഐ 25 സീറ്റിൽ മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച തിരുവനന്തപുരം സെൻട്രൽ സീറ്റിലും ഇന്ന് തീരുമാനം വരും. സിപിഐ എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്.
















