നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എംഎൽഎയുമായ എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് ചേർന്ന യോഗത്തിലാണ് ഈ കാര്യം തീരുമാനിച്ചത്. ശ്യാമള മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയാണ്.
നേരത്തെ ശ്യാമള മത്സരിക്കുന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ എതിർപ്പുകളുണ്ടായിരുന്നു. അതിനിടയിൽ സോഷ്യൽ മീഡിയയിലും മറ്റും പാർട്ടി പ്രവർത്തകർക്കിടയിൽ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരായി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ചു മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനിച്ചത്.
മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ വനിതാ സ്ഥാനാർഥി വേണമെന്ന് തീരുമാനിക്കുകയും ഈ സമയം ഏറ്റവും കൂടുതൽ ഉയർന്നു വന്ന പേര് പി.കെ.ശ്യാമളയുടെതായിരുന്നു. എന്നാൽ ഇതിനിടയിൽ രണ്ടുതവണ തളിപ്പറമ്പിനെ പ്രതിനിധാനംചെയ്ത ജെയിംസ് മാത്യുവിന്റെ ഭാര്യ എൻ.സുകന്യയുടെയും പേര് വന്നിരുന്നു. അവസാനം ഇന്ന് ചേർന്ന യോഗത്തിൽ ശ്യാമളെയെ നിർത്താൻ തീരുമാനിക്കുകയായിരുന്നു.
















