മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തി വന്ന സമരം ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. ഒപി, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കുമെന്നും അറിയിച്ചു. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമായിരുന്നു ചർച്ച.
18 മാസത്തെ ശമ്പളക്കുടിശിക ഇപ്പോൾ തന്നെ അനുവദിക്കാനുള്ള നടപടികൾ എടുക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്നാണ് തീരുമാനം.
ഇപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കുവാനുള്ള ഉത്തരവുകൾ ഇറങ്ങിയില്ലെങ്കിൽ ഒരാഴ്ച കഴിയുമ്പോൾ വീണ്ടും സമരം തുടങ്ങുമെന്നാണ് ചർച്ചയിൽ നേതാക്കൾ അറിയിച്ചത്.
















