കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ, ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലാണ് അദ്ദേഹം എത്തുന്നത്.
കൂടാതെ ഇന്ന് എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. സന്ദർശനത്തിന്റെ രണ്ടാം ദിനമായ നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം വിശദമായ ചർച്ചകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
സന്ദർശനത്തിന്റെ അവസാന ദിവസമായ മറ്റന്നാൾ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. അന്ന് രാവിലെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ, ഏഴാം തീയതി കൊച്ചിയിൽ വെച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.
















