മണ്ണന്തല സ്‌നേഹ ജംഗ്ഷന് സമീപം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമിസംഘത്തിന്റെ ക്രൂരമായ അക്രമം. ബൈക്കില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വെച്ചിരുന്ന ‘ടോയ് കണ്ണട’ ആവശ്യപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരിക്കേറ്റ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അക്രമം നടന്നത്.
യാത്രയ്ക്കിടെ ഇവര്‍ തമാശയ്ക്കായി വാങ്ങിയ ടോയ് കണ്ണട വെച്ചിരുന്നു. സ്‌നേഹ ജംഗ്ഷന് സമീപം വെച്ച് ഇവരെ തടഞ്ഞുനിര്‍ത്തിയ നാലംഗ സംഘം ഈ കണ്ണട ആവശ്യപ്പെടുകയും തുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തര്‍ക്കം മുറുകിയതോടെ അക്രമിസംഘം വിദ്യാര്‍ത്ഥികളെ ബൈക്കില്‍ നിന്നും റോഡിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും വിദ്യാര്‍ത്ഥിയുടെ തന്നെ ഹെല്‍മെറ്റ് പിടിച്ചുവാങ്ങി തലയ്ക്ക് ആഞ്ഞടിക്കുകയും ചെയ്തു. ‘നിന്നെ കൊന്നുകളയുമെടാ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മണ്ണന്തല പോലീസ് FIR No. 0291/2026 പ്രകാരം നാലുപേര്‍ക്കെതിരെ കേസെടുത്തു. നരഹത്യാ ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മണ്ണന്തല എസ്.ഐ മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
















