ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ക്ഷേത്ര പരിസരവും റോഡും വൃത്തിയാക്കാൻ നേതൃത്വം കൊടുത്ത തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്ന് മല്ലിക സുകുമാരൻ പോസ്റ്റ് ചെയ്തു.
“ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല. മറിച്ച് സാധാരണക്കാരുടെ മനസ്സിൽ മങ്ങാതെ, മായാതെ നിൽക്കുന്നത് ഇതുപോലെയുള്ള സൽപ്രവർത്തികളാണ്. സഹപ്രവർത്തകർ മാതൃകയാക്കേണ്ട ഭരണാധികാരി…. ഞാൻ വളരെ മുൻപേ പറഞ്ഞതാണ്.. ആരാധ്യനായ മേയർക്ക് അഭിനന്ദനങ്ങൾ… രാജേഷ്… എല്ലാ ഭാവുകങ്ങളും….” മല്ലിക സുകുമാരന്റെ വാക്കുകൾ.
“ഇതാകണം മേയർ. പൊങ്കാല ദിവസം വെളുപ്പിനെ പൊങ്കാല ഇടുന്ന ഭക്തർക്കിടയിൽ എത്തിയ രാജേഷും ടീമും ഭംഗിയായി പൊങ്കാല നടത്തി. ടാങ്കറിൽ വെള്ളം എത്തിച്ചു.
പൊങ്കാല എല്ലാം കഴിഞ്ഞ് റോഡ് എല്ലാം വൃത്തിയാക്കി, കൃത്രിമ മഴ പെയ്യിച്ച് റോഡ് കഴുകി. എല്ലാം പൂർത്തിയാക്കി വീട്ടിൽ പോയപ്പോൾ സമയം അടുത്ത ദിവസം വെളിപ്പിനു രണ്ട് മണി…ബിഗ് സല്യൂട്ട്.’’–മേയറെ പ്രശംസിച്ച് മല്ലിക പങ്കുവച്ച പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെയായിരുന്നു. റോഡ് വൃത്തിയാക്കുന്ന ജോലികൾ കഴിഞ്ഞ് പുലർച്ചെ 2.10-ന് കരമനയിൽനിന്ന് പിരിഞ്ഞു എന്ന വി.വി. രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ടും ഈ പോസ്റ്ററിൽ കാണാം.
















