നടനും ബിസിനസ്സ്മാനുമായ ലെജന്‍ഡ് ശരവണൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ ടീസർ തരംഗമാകുന്നു. ‘ലെജൻഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരത്തിന് മുൻപ് വൻ ട്രോളുകളായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ടീസർ കണ്ട് ട്രോളാൻ എത്തിയവരെക്കൊണ്ട് കയ്യടിപ്പിക്കുകയാണ് താരം.
ഗ്ലിംപ്സിലെ ആക്‌ഷൻ രംഗങ്ങളിലും മികച്ച പ്രകടനമാണ് താരം വച്ചിരിക്കുന്നത്. ‘ലീഡർ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് സംവിധാനം. എപ്പോഴും ക്ലീൻ ഷേവിൽ കണ്ടിരുന്ന ശരവണൻ ഇത്തവണ താടി ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. ലുക്കിൽ മാത്രമല്ല അഭിനയ പ്രകടനത്തിലും ഇത്തവണ ശരവണൻ ഞെട്ടിക്കുന്നു.
ശ്യാം, ആൻഡ്രിയ, സന്തോഷ് പ്രതാപ്, പായൽ രജ്പുത്, അമൃത അയ്യർ, വിടിവി ഗണേശ്, ഐശ്വര്യ, മറിയം ജോർജ്, നിഷ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നിർമാണവും ശരണവൻ തന്നെ. അമ്പത്തിരണ്ടുകാരനായ പുതുമുഖ നായകന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2022ൽ റിലീസ് ചെയ്ത ‘ദ് ലെജൻഡ്’. ചിത്രത്തിലെ ശരവണന്റെ അഭിനയം വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയുണ്ടായി. ശരവണൻ തന്നെയായിരുന്നു ഈ സിനിമയുടെ നിർമാണവും. രണ്ടാം വരവിൽ താരം തിയറ്ററിലും പ്രേക്ഷകരുടെ കയ്യടി നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. വ്യാപാര മേഖലയിൽ തമിഴ്നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് ഇദ്ദേഹം.
















