ക്രിക്കറ്റ് താരം ധോണിയുടെ ഇഷ്ടയിടമാണ് ന്യുസിലന്‍ഡ്. സവിശേഷമായ പ്രകൃതി ഭംഗിയും തനത് സംസ്‌ക്കാരവുമാണ് സഞ്ചാരികളെ ന്യുസിലന്‍ഡിലേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്. തെക്കന്‍ ആല്‍പ്‌സിലെ മഞ്ഞു പുതച്ച മലനിരകള്‍ ട്രെക്കിങ്ങിനുള്ള മനോഹര പാതകള്‍ കൂടിയാണ്. മനുഷ്യസ്പര്‍ശം ഏല്‍ക്കാത്തതോ പരിമിതമായതോ ആയ കാടുകളും കടല്‍ത്തീരങ്ങളുമുള്ള നാടാണ് ന്യുസിലന്‍ഡ്.
സഞ്ചാരികളുടെ എണ്ണം കൂടിയതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവിടേക്കുള്ള വിമാന സര്‍വീസുകളും ടൂര്‍ പാക്കേജുകളും താമസസൗകര്യങ്ങളും വര്‍ധിച്ചിട്ടുണ്ട്. സുസ്ഥിര വിനോദ സഞ്ചാരമാണ് ന്യുസിലന്‍ഡ് പ്രോത്സാഹിപ്പിക്കുന്നത്. സന്ദര്‍ശകരുടെ എണ്ണം ക്രമാനുഗതമായി വര്‍ധിച്ചെങ്കിലും പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇപ്പോഴും കോവിഡിന് മുന്‍പുള്ളത്രയും സഞ്ചാരികളെത്തിയിട്ടില്ല. ക്വീന്‍സ് ടൗണിലെ സാഹസിക കേന്ദ്രങ്ങളും ശാന്തമായ ബേ ഓഫ് ഐലന്‍ഡും ടോട്ടറുവയിലെ സാംസ്‌ക്കാരിക പര്യവേഷണങ്ങളുമൊക്കെ വലിയ തിരക്കില്ലാതെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. നീളമേറിയ പകലും താരതമ്യേന മിതമായ താപനിലയും ന്യുസിലന്‍ഡിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. പ്രാദേശിക ഉത്സവങ്ങള്‍ കൂടുതലായുള്ള ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന വേനല്‍ക്കാലവും മനോഹര പ്രകൃതിയാല്‍ അനുഗ്രഹീതമായ ശരത്കാലവുമാണ്(മാര്‍ച്ച്- മേയ്) കൂടുതലായി സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
ന്യുസിലന്‍ഡിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഓസ്‌ട്രേലിയയില്‍ നിന്നാണ്. ഭൂമിശാസ്ത്രപരമായി ഏറെ അടുത്തു കിടക്കുന്നതിനാല്‍ ഓസ്‌ട്രേലിയയ്ക്ക് ഏറ്റവും എളുപ്പത്തിലെത്താവുന്ന വിദേശ രാജ്യം കൂടിയാണ് ന്യുസിലന്‍ഡ്. അമേരിക്കയും ചൈനയുമാണ് സഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഈ പ്രദേശങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണവും വര്‍ധിച്ചിപ്പിച്ചിട്ടുണ്ട്.ഏതൊരു യാത്രയും പോലെ ന്യുസിലന്‍ഡ് യാത്രയും പ്ലാനിങ് വഴി കൂടുതല്‍ ആസ്വാദ്യകരമാവും. നോര്‍ത്ത് ഐലന്‍ഡും സൗത്ത് ഐലന്‍ഡും ഒരു പോലെ പരിഗണിച്ച് വേണം യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍. നോര്‍ത്ത് ഐലന്‍ഡില്‍ ജിയോതെര്‍മൽ പാര്‍ക്കുകളും സമ്പന്നമായ മാവോറി പാരമ്പര്യവും ആസ്വദിക്കാനാവും. സൗത്ത് ഐലന്‍ഡില്‍ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും സാഹസിക കായിക വിനോദങ്ങളും ഫ്യോര്‍ഡുകളും കാണാനാകും.
ഹിമാനികളുടെ ശിഥിലീകരണം മൂലം ഉണ്ടാകുന്ന ആഴം കൂടിയ ഇടുങ്ങിയ കടലിടുക്കുകളെയാണ് ഫ്യോര്‍ഡ് എന്നു വിളിക്കുന്നത്. കൂടുതല്‍ തിരക്കേറിയ വേനല്‍കാലത്താണ് യാത്രയെങ്കില്‍ മുന്‍കൂട്ടി വിമാന ടിക്കറ്റും താമസ സൗകര്യങ്ങളും ബുക്ക് ചെയ്യാന്‍ മറക്കരുത്.ന്യുസിലന്‍ഡിലെത്തുന്നവര്‍ക്ക് പ്രകൃതി ഭംഗിയാല്‍ പ്രസിദ്ധമായ പ്രശസ്തമായ ട്രെക്കിങ് പാതകളിലൂടെ ട്രെക്കിങിനും ഹൈക്കിങിനും ആല്‍പൈന്‍ ചരിവുകളിലൂടെ സ്‌കീയിങിനും സൗകര്യമുണ്ട്. ക്വീന്‍സ്ടൗണില്‍ സ്‌കൈ ഡൈവിങ്, ബഞ്ചി ജംപിങ് പോലുള്ള സാഹസിക പ്രകടനങ്ങളും നടത്താനാവും.
വെള്ളച്ചാട്ടങ്ങളും വന്യജീവി സങ്കേതങ്ങളും സൗത്ത് ഐലന്‍ഡിലെ ഫ്യോര്‍ഡുകളും നിരവധി പേരെ ആകര്‍ഷിക്കുന്നു. മാവോറികളുടെ പരമ്പരാഗത കരകൗശല വിദ്യകള്‍ പഠിക്കാനും പ്രാദേശിക വിപണികളില്‍ നിന്നും ഇവരുടെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. ഫുഡ് ആന്‍ഡ് വൈന്‍ ടൂറുകള്‍ ന്യുസിലന്‍ഡിലെ തനത് ഭക്ഷണ രീതികളേയും മുന്തിരി കൃഷിയേയും അടുത്തറിയാന്‍ സഹായിക്കും. റോട്ടറുവയിലെ തേ പുയ മാവോറി പ്രകടനങ്ങളും പ്രസിദ്ധമാണ്. സാഹസിക വിനോദങ്ങളോ സമാധാനമോ സാംസ്‌ക്കാരിക വൈവിധ്യമോ തേടുന്നവര്‍ക്ക് മറക്കാനാവാത്ത സഞ്ചാര അനുഭവമായിരിക്കും ന്യുസിലന്‍ഡ് നല്‍കുക.
















