ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.
അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ 13 റൺസാണ് ഇംഗ്ലണ്ട് ബാറ്റർമാർ അടിച്ചെടുത്തത്. മത്സരത്തിൽ രണ്ടാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ ആദ്യ പന്തിൽ തന്നെ ഫിൽ സാൾട്ടിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. നാലാം ഓവർ എറിഞ്ഞ ജസ്പ്രിത് ബുംറ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിന് പുറത്താക്കി. അക്ഷർ പട്ടേലാണ് ഇരുവരെയും ക്യാച്ചിലൂടെ പുറത്താക്കിയത്.
പവർ പ്ലെയിലെ അവസാന ഓവർ എറിഞ്ഞ വരുൺ ചക്രവർത്തിയുടെ ആദ്യ മൂന്ന് പന്തുകളും സിക്സർ പായിച്ച് ഇംഗ്ലണ്ട് ബാറ്റർ ജേക്കബ് ബെതേൽ സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാൽ കീഴടങ്ങാൻ വരുൺ തയ്യാറായിരുന്നില്ല. ഇതേ ഓവറിലെ അഞ്ചാം പന്തിൽ ജോസ് ബട്‌ലറെ ബൗൾഡ് ആക്കി മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ഏഴാം ഓവർ എറിഞ്ഞ അക്ഷർ പട്ടേലിന്റെയും തുടക്കം മോശമായിരുന്നു. താരം എറിഞ്ഞ ആദ്യ രണ്ട് പന്തും ടോം സിക്സർ പറത്തി. എന്നാൽ അതേ ഓവറിലെ മൂന്നാം പന്തിൽ ടോമിനെ ബൗൾഡ് ആക്കി അക്ഷർ പകരം വീട്ടി.
India Reach T20 World Cup Final After Beating England.
















