ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലിലെ നാവികരെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേന രംഗത്ത്. അമേരിക്കൻ മുങ്ങിക്കപ്പലിന്റെ ആക്രമണത്തിൽ തകർന്ന ‘ഐആർഐഎസ് ദേന’ എന്ന കപ്പലിനെ സഹായിക്കാനാണ് ഇന്ത്യ ദൗത്യം ആരംഭിച്ചത്.
മാർച്ച് 4-ന് പുലർച്ചെ ശ്രീലങ്കയിലെ ഗാലെ തീരത്തിന് 40 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതോടെ കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിന്റെ നിർദ്ദേശപ്രകാരം ഇന്ത്യൻ നാവികസേന അതിവേഗം രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
ശ്രീലങ്കൻ നാവികസേനയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിലിന് പിന്തുണയുമായി ദീർഘദൂര സമുദ്ര പെട്രോളിംഗ് വിമാനങ്ങളെ ഇന്ത്യ വിന്യസിച്ചു. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന 130-ഓളം നാവികരെ രക്ഷപ്പെടുത്താനായി ലൈഫ് റാഫ്റ്റുകൾ ഘടിപ്പിച്ച വിമാനങ്ങൾ സജ്ജമാണ്.
ഇതിനുപുറമെ, സമീപത്തുണ്ടായിരുന്ന ഇന്ത്യൻ പരിശീലന കപ്പൽ ഐഎൻഎസ് തരംഗിണി ദുരന്തബാധിത മേഖലയിലെത്തി തിരച്ചിലിൽ പങ്കുചേർന്നു. കൊച്ചിയിൽ നിന്നുള്ള സർവേ കപ്പലായ ഐഎൻഎസ് ഇക്ഷാകും രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുണ്ട്.
വിശാഖപട്ടണത്ത് നടന്ന സംയുക്ത സൈനികാഭ്യാസത്തിന് ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന ഐറിസ് ദേനയ്ക്ക് നേരെ മുന്നറിയിപ്പില്ലാതെയാണ് അമേരിക്ക ആക്രമണം നടത്തിയത്.
















