പശ്ചിമേഷ്യൻ യുദ്ധം ആളിപ്പടരുന്നു. ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തുന്ന സംയുക്ത സൈനിക നീക്കം എഴാം ദിവസവും അതിശക്തമായി തുടരുന്നു. ഇറാനിൽ ഇതുവരെ 1230 പേർ കൊല്ലപ്പെട്ടു. എന്നാൽ, പതറാതെ പോരാടുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ ഭരണകൂടം തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെ തിരിച്ചടി നൽകുകയാണ്.
മിസൈൽ വർഷത്തിൽ ഇറാന്റെ പ്രധാന കേന്ദ്രങ്ങൾ തകർന്നടിഞ്ഞപ്പോൾ, ഹോർമുസ് കടലിടുക്ക് അടച്ച് ആഗോള ഇന്ധന വിപണിയെ വെല്ലുവിളിച്ചാണ് ഇറാൻ തിരിച്ചടിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് ക്രൂഡ്, എല്‍എന്‍ജി നീക്കവും നിശ്ചലമായി.
തങ്ങൾക്കെതിരെ കരയുദ്ധം ഉണ്ടായാൽ പോലും പതറാതെ നേരിടുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ ഭരണകൂടം. ഇതിന്റെ ഭാഗമായി ഇസ്രയേലിലും ഗൾഫ് മേഖലയിലുമുള്ള ശത്രുതാ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
ഇതിൽ മിനാബിലെ ഒരു സ്കൂളിന് നേരെയുണ്ടായ അമേരിക്കൻ വ്യോമാക്രമണത്തിൽ 165 പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരിക്കുകയാണ്.
ഫെബ്രുവരി 28ന് പുലര്‍ച്ചെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ അമേരിക്കയും ലയണ്‍സ് റോര്‍ എന്ന പേരില്‍ ഇസ്രയേലും ഇറാനില്‍ സംയുക്താക്രമണം നടത്തുകയായിരുന്നു. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിച്ചു.
ഖമനയി താമസിച്ചിരുന്ന കൊട്ടാരത്തിലേക്ക് ബങ്കര്‍ ബസ്റ്റര്‍ മിസൈലുകള്‍ അടക്കം പ്രയോഗിച്ച ആക്രമണത്തില്‍ ഖമനയിയുടെ കുടുംബാംഗങ്ങളടക്കം കൊല്ലപ്പെട്ടു.
അതിനിടെ ശ്രീലങ്കക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്‍ കപ്പല്‍ തകര്‍ന്ന് 87 നാവികര്‍ മരിച്ചത് സംഘര്‍ഷത്തിന്റെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണ്.
















