അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ, കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മകൻ മുജ്തബ ഖമേനി എത്തുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഖമേനിയുടെ മകൻ ഒരു ‘പൊള്ളയായ വ്യക്തി’യാണെന്നും അദ്ദേഹത്തെ പരമോന്നത നേതാവായി അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു. ‘ആക്സിയോസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.
വെനിസ്വേലയിലെ ഭരണമാറ്റത്തിൽ ഇടപെട്ടതുപോലെ ഇറാന്റെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലും അമേരിക്കയ്ക്ക് പങ്കാളിത്തം വേണമെന്ന വിചിത്രമായ വാദം ട്രംപ് ഉയർത്തി.
നിലവിൽ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പിൻഗാമിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുജ്തബയുടെ പേരിനാണ് മുൻഗണനയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം. ഇറാന്റെ ഭാവി നിശ്ചയിക്കുന്നതിൽ തനിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്നും ട്രംപ് അഭിമുഖത്തിൽ സൂചിപ്പിച്ചു.
അലി ഖമേനിയുടെ നയങ്ങളും തത്വങ്ങളും പിന്തുടരുന്ന ഒരു നേതാവിനെ അംഗീകരിക്കാൻ അമേരിക്ക തയ്യാറല്ലെന്ന് ട്രംപ് ആവർത്തിച്ചു. 56 കാരനായ മുജ്തബ ഖമേനിയെ അധികാരം ഏറ്റെടുത്താൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇറാനുമായി മറ്റൊരു യുദ്ധത്തിന് അമേരിക്ക നിർബന്ധിതമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
















