അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളായ അഖിൽ (24), അജിൻ (23) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
നെല്ലിവിള കൊല്ലൻവിള സ്വദേശിയായ എ.എം. അരുണിനാണ് (23) ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ മൂന്നാം തീയതി രാത്രി ഏഴ് മണിയോടെ വെങ്ങാനൂർ കായൽക്കരയ്ക്ക് സമീപമായിരുന്നു സംഭവം. പ്രതികൾ അസഭ്യം പറയുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.
അരുണിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും മുഖത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















