കാഞ്ഞങ്ങാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് മത്സരിക്കുമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി. നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്വവും കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുമാണ്. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് പലയിടങ്ങളിലും നടക്കുന്ന പ്രചരണങ്ങൾ നല്ല ഉദ്ദേശത്തോടെ അല്ലെന്നും ഇത്തരം അനാവശ്യ പ്രചരണങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ശക്തമായി നേരിടുമെന്നും ജെറ്റോ ജോസഫും പാർട്ടി ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫും വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫിൽ അനിശ്ചിതത്വം നിലനിൽക്കേയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അതേസമയം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഡോ വിപിപി മുസ്തഫ ആണെന്ന് ഉറപ്പായിട്ടുണ്ട്.
















