ആലപ്പുഴ: പെരുമ്പളം പാലം പെരുമ്പളം നിവാസികളുടെ ചിരകാല അഭിലാഷത്തിന്റെ സാഫല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലം മേഖലയുടെ ടൂറിസം വികസനത്തിനടക്കം പ്രയോജനപ്പെടുമെന്നും എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതുകൊണ്ട് മാത്രമാണ് ഈ പദ്ധതികൾ നടത്താൻ സാധിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പളം പാലം നാടിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യുഡിഎഫിനെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. 2016ന് മുൻപുള്ള കേരളത്തിൽ നമുക്ക് വലിയ തിക്താനുഭവങ്ങളുണ്ട്. പ്രധാനപ്പെട്ട വികസന പദ്ധതികളെല്ലാം അന്ന് സ്തംഭിച്ചു. നാടിന് ഒരു മാറ്റവും ഉണ്ടായില്ല. പദ്ധതികൾ വരില്ല എന്ന് ആളുകൾ ശപിച്ചിരുന്ന കാലമായിരുന്നു അത്. എന്നാൽ എൽഡിഎഫ് സർക്കാർ ശാപാന്തരീക്ഷം മാറ്റിയെന്നും വാചകങ്ങൾ മാത്രം പറയാതെ നാട്ടിൽ നടക്കില്ല എന്നുകരുതിയ പദ്ധതികൾ ഓരോന്നായി നടക്കുന്ന നിലയെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
















