നടൻ വിജയ്‌ക്ക് നടി തൃഷയുമായി ദീർഘകാലമായി സൗഹൃദമുണ്ട്. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിനുപിന്നാലെ തൃഷയ്ക്കൊപ്പം വിജയ് ഒരു വിവാഹവിരുന്നിൽ പങ്കെടുക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചൂടുപിടിക്കുന്നതിനിടെ ഇരുതാരങ്ങളും പങ്കെടുത്ത മറ്റൊരു ചടങ്ങിൽനിന്നുള്ള ദൃശ്യം വൈറലാകുകയാണ്. വിജയ്-തൃഷ ടീം ഒരിടവേളയ്ക്കുശേഷം ഒന്നിച്ച ലിയോ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ നിന്നുള്ള വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
പരസ്പരം പുകഴ്ത്തി സംസാരിക്കുന്ന വിജയ്‌യേയും തൃഷയേയുമാണ് വീഡിയോയിൽ കാണാനാകുക. വിജയ്‌യെ വീണ്ടും കണ്ടുമുട്ടിയത് ഒരു ‘സ്കൂൾ ഫ്രണ്ടിനെ’ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിന് സമാനമായാണ് തൃഷ വിശേഷിപ്പിക്കുന്നത്. “വിജയ്… വർഷങ്ങൾക്ക് ശേഷം ഒരു സ്കൂൾ സുഹൃത്തിനെ വീണ്ടും കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും. വിജയ് എനിക്ക് അങ്ങനെയാണ്. അതേ ആശ്വാസവും സ്നേഹവും സൗഹൃദവും ഉണ്ടായിരുന്നു. എന്റെ 20 വർഷത്തെ കരിയറിൽ, ഒരു സഹതാരത്തോടൊപ്പം എനിക്ക് ഏറ്റവും ദീർഘകാലമായി ഉണ്ടായിരുന്ന ബന്ധം വിജയ്‌യോടൊപ്പമായിരുന്നു. വീട് എന്നത് ഒരു സ്ഥലമല്ല ഒരു വ്യക്തിയാണെന്ന് അദ്ദേഹം എപ്പോഴും പറയും.” തൃഷ പറഞ്ഞു.
ഇതേ ചടങ്ങിൽ തൃഷയെ വിജയ് രാജകുമാരി എന്നാണ് വിശേഷിപ്പിച്ചത്. “20 വയസ്സുള്ള ഒരു പെൺകുട്ടി നായികയാകുന്നത് വലിയ കാര്യമല്ല. എന്നാൽ ആ പെൺകുട്ടി 20 വർഷത്തോളം നായികാസ്ഥാനം നിലനിർത്തുമ്പോൾ അത് വലിയ കാര്യമാണ്. അതും ഇതേ ഊർജ്ജത്തോടെ, ഇതേ സൗന്ദര്യത്തോടെ. ഒരാൾ കൈവീശുമ്പോൾ അത് സാധാരണരീതിയിലായിരിക്കും. എന്നാൽ തൃഷ അത് ചെയ്യുമ്പോൾ ഒരു രാജകുമാരി കൈവീശുന്നത് പോലെയാണ് അനുഭവപ്പെടുക.” വിജയ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ സംഗീത കോടതിയെ സമീപിച്ചത്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് ഹർജിയിൽ സംഗീത ഉന്നയിച്ച പ്രധാന ആരോപണം.
















