കുടിവെള്ളമില്ലാത്ത വീട്ടമ്മയുടെ ഇമെയിൽ പരാതിയിൽ മിന്നൽ ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂർ നഗരസഭയിലെ ഇരുപതാം വാർഡിൽ ഉൾപ്പെടുന്ന ഷണ്മുഖം കനാൽ പരിസരത്തെ രൂക്ഷമായ ജലക്ഷാമം നേരിട്ടറിയാനാണ് ശനിയാഴ്ച രാത്രി എട്ടുമണിയോടെ കേന്ദ്രമന്ത്രി നേരിട്ടെത്തിയത്. കണ്ടാശ്ശേരി ബിജുവിന്റെയും ബബിതയുടെയും വീട്ടിലെത്തിയ മന്ത്രി, പ്രദേശവാസികളുടെ ദുരിതം ചോദിച്ചറിഞ്ഞു.
തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഠാണ മുതൽ ചന്തക്കുന്ന് വരെ നടക്കുന്ന റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ ജലവിതരണം പൂർണ്ണമായും മുടങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ബിജുവും ബബിതയും കേന്ദ്രമന്ത്രിക്ക് പരാതി അയച്ചത്. പരാതി ലഭിച്ച ഉടൻ തന്നെ മന്ത്രിയുടെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച ബിജെപി പ്രവർത്തകർ വാഹനങ്ങളിൽ പ്രദേശത്തെ വീടുകളിൽ കുടിവെള്ളം എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം ഉണ്ടായത്.
പരാതിക്കാരുടെ വീട്ടിലിരുന്ന് തന്നെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച സുരേഷ് ഗോപി, ജലവിതരണം തടസ്സപ്പെട്ടതിനെക്കുറിച്ച് കർശനമായി സംസാരിച്ചു. റോഡ് പണി മൂലം പൈപ്പുകൾ പൊട്ടിയതാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ എന്ന് അദ്ദേഹം തിരക്കി. തൃശ്ശൂർ ജില്ലാ കളക്ടറുമായി വിഷയത്തിൽ സംസാരിക്കുമെന്നും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
















