നോർവേ തലസ്ഥാനമായ ഓസ്‌ലോയിലെ അമേരിക്കൻ എംബസിക്ക് നേരെ അർദ്ധരാത്രിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പടിഞ്ഞാറൻ ഓസ്‌ലോയിലെ എംബസി വളപ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ എംബസി കെട്ടിടത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
എംബസിയിലെ കോൺസുലാർ വിഭാഗത്തിന്റെ പ്രധാന കവാടത്തിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഓസ്‌ലോ പോലീസ് സ്ഥിരീകരിച്ചു. അതിശക്തമായ സ്ഫോടന ശബ്ദമാണ് കേട്ടതെന്നും ഇതിന് പിന്നാലെ പ്രദേശം പുകപടലങ്ങളാൽ നിറഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു. പ്രവേശന കവാടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഫോടനത്തിന്റെ തീവ്രത കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി.
സംഭവസ്ഥലത്ത് പോലീസ് ബോംബ് സ്ക്വാഡ് നടത്തിയ വിശദമായ പരിശോധനയിൽ കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. സ്ഫോടനം നടന്ന രീതിയെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെക്കുറിച്ചും നിലവിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും, ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ആക്രമണത്തിന് പിന്നാലെ പടിഞ്ഞാറൻ ഓസ്‌ലോയിൽ സുരക്ഷാ പരിശോധന കർശനമാക്കി. പ്രതികളെ കണ്ടെത്താനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. എംബസി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് യുഎസ് എംബസി അധികൃതർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
















