നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ യുവജനങ്ങളെ ലക്ഷ്യമിട്ട് നിർണ്ണായക പ്രഖ്യാപനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പത്താം ക്ലാസ് പാസായ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1500 രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടതിനെതിരെ ശനിയാഴ്ച സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് മമതയുടെ ഈ നിർണ്ണായക ഇടപെടൽ.
പത്താം ക്ലാസ് പാസായ, 21-നും 40-നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകരായ യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിനായുള്ള തുക വിതരണം മാർച്ച് 7 മുതൽ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുവാക്കൾക്ക് തൊഴിൽ കണ്ടെത്തുന്നത് വരെയുള്ള ഒരു താൽക്കാലിക ആശ്വാസമായി ഈ പദ്ധതി മാറുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കിൽ 40 ശതമാനത്തിന്റെ കുറവുണ്ടായതായി മമത അവകാശപ്പെട്ടു. നിലവിൽ 40 ലക്ഷത്തോളം പേർക്ക് വിവിധ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ട്. ഇതിൽ 10 ലക്ഷം പേർ ഇതിനകം തന്നെ വിവിധ തൊഴിലുകളിൽ പ്രവേശിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
















