എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിൽ യാതൊരുവിധ ആഭ്യന്തര പ്രശ്നങ്ങളുമില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ബോധപൂർവം അന്തച്ഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. തന്നെ താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എൻഎസ്എസ് ജനറൽ സെക്രട്ടറിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
താലൂക്ക് യൂണിയന്റെ ആസ്തികളും കെട്ടിടങ്ങളും ആരുടെയും പിരിവ് കൊണ്ട് ഉണ്ടായതല്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള 64 വർഷത്തെ കഠിനാധ്വാനം കൊണ്ട് പടുത്തുയർത്തിയതാണ് ഈ പ്രസ്ഥാനം. സ്വന്തം സമ്പാദ്യത്തിൽ നിന്ന് പണം ചിലവഴിച്ചാണ് അദ്ദേഹം യൂണിയൻ കെട്ടിപ്പൊക്കിയത്. ഈ സമ്പത്ത് തട്ടിയെടുക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരോടാണ് മറുപടി ചോദിക്കേണ്ടതെന്നും ഗണേഷ് കുമാർ ആഞ്ഞടിച്ചു.
തിരഞ്ഞെടുപ്പ് കാലമായതിനാൽ തനിക്കെതിരെ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. “ഞാൻ നിലവിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമാണ്. ഈ സാഹചര്യത്തിൽ നായന്മാർക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മരിക്കുന്നത് വരെ കസേരയിൽ ഇരിക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എന്റെ അച്ഛന് മാത്രമാണ് ആ പദവിയിൽ മരണം വരെ ഇരിക്കാൻ സാധിച്ചിട്ടുള്ളത്,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ താലൂക്ക് യൂണിയൻ യോഗത്തിൽ താൻ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്ന് മന്ത്രി വിശദീകരിച്ചു. കമുകുംചേരിയിലെ പാവപ്പെട്ടവർക്ക് പട്ടയം ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക തിരക്കുകളിലായിരുന്നു താൻ. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ പോയതിനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് ശരിയല്ലെന്നും, വൈസ് പ്രസിഡന്റിനെ ചുമതല ഏൽപ്പിച്ചാണ് താൻ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















