മലബാര്‍ ഡിസ്റ്റിലറീസില്‍ പുതുതായി ഉല്‍പ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും പൊതുജനങ്ങള്‍ നിര്‍ദേശിച്ചതായിരിക്കില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്കും പരാതികള്‍ക്കും മറുപടിയായി നികുതി വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് വ്യക്തത വരുത്തിയിരിക്കുന്നത്. മലബാര്‍ ഡിസ്റ്റിലറീസില്‍ പുതുതായി ആരംഭിക്കുന്ന ഐഎംഎഫ്എല്‍ പ്ലാന്റിലെ മദ്യത്തിന് പേരും ലോഗോയും പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കമ്പനി അത്തരമൊരു തീരുമാനം എടുത്തിട്ടില്ല.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ മദ്യത്തെ മഹത്വവല്‍ക്കരിക്കുന്നതിനോ വേണ്ടിയുള്ള യാതൊരു നീക്കവും സര്‍ക്കാരിന്റെയോ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഫെബ്രുവരി 21-ന് പ്ലാന്റിന്റെ ഉദ്ഘാടനം നടന്നു കഴിഞ്ഞു. അവിടെ നിര്‍മ്മിക്കുന്ന മദ്യത്തിന് പൊതുജനങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരോ ലോഗോയോ തെരഞ്ഞെടുക്കാനോ സമ്മാനം നല്‍കാനോ ഉദ്ദേശിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും നികുതി വകുപ്പ് അറിയിച്ചു. മദ്യ ബ്രാന്‍ഡുകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 1995-ലെ നിയമപ്രകാരം ബ്രാന്‍ഡിന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് തികച്ചും ഔദ്യോഗികമായ നടപടിക്രമമാണ്.
ഇതില്‍ ജനകീയ പങ്കാളിത്തം ഇല്ലെന്നും കൊല്ലം സ്വദേശിയും ഡി.സി.സി ജനല്‍ സെക്രട്ടറിയുമായ എം.എം സജീവ് കുമാര്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയായി സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിനെതിരെ സഞ്ജീവ് ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിലും മദ്യം വിപണിയിലെത്തിച്ചതിനും സര്‍ക്കാരിനും എക്‌സൈസ് വകുപ്പിനുമെതിരേ സഞ്ജീവ് കുമാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു.
















