തെന്നിന്ത്യൻ താരം തൃഷയും നടൻ പാർഥിപനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. നടൻ വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ തൃഷയെ ലക്ഷ്യം വെച്ച് പാർഥിപൻ നടത്തിയ വിവാദ പരാമർശമാണ് തൃഷയെ ചൊടിപ്പിക്കാൻ കാരണമായത്. പാർഥിപന്റെ പരാമർശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ തൃഷ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചിരിക്കുകയാണ്.
‘പൊന്നിയൻ സെൽവൻ’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചാണ് തൃഷ വീട്ടിൽ ഇരിക്കുന്നതാണ് നല്ലതെന്നു പാർഥിപൻ പറഞ്ഞത്. തന്റെ പേര് മനഃപൂർവം വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് താരം പ്രതികരിച്ചത്.
തൃഷയുടെ വാക്കുകൾ: “ഒരു വ്യക്തിയുടെ അഭ്യർഥനപ്രകാരം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് വഴി അവസാന നിമിഷമാണ് എന്റെ പേരും ചിത്രവും പരിപാടിയിൽ ഉൾപ്പെടുത്തിയതെന്നാണ് സംഘാടകർ എന്നെ അറിയിച്ചത്. ഒരു മൈക്രോഫോൺ കൈയ്യിലുണ്ടെന്ന് കരുതി ഒരു കമന്റ് ബുദ്ധിപരമായോ തമാശയായോ മാറുന്നില്ല. അത് വിഡ്ഢിത്തത്തിന്റെ ശബ്ദം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അറിവില്ലാതെ പറയുന്ന തരംതാണ വാക്കുകൾ, ആരെയാണോ ലക്ഷ്യം വയ്ക്കുന്നത് അവരെക്കാൾ ഉപരി പറയുന്ന ആളുടെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.”
ഗലാട്ട അവാർഡ്സ് 2026ന്റെ വേദിയിൽ വെച്ചായിരുന്നു നടൻ പാർഥിപന്റെ വിവാദമായ പരാമർശം ഉണ്ടായത്. ചടങ്ങിൽ ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ പാർത്ഥിപൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: “കുന്ദവൈയോട് വീടിനുള്ളിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീടിന് വെളിയിൽ ഇറങ്ങിയില്ലെങ്കിൽ അത്രയും നല്ലത്. വീടിന് വെളിയിൽ ഇറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.”
വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്കിടയിൽ തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ പരിഹാസം. അടുത്തിടെ ഒരു വിവാഹ റിസപ്ഷനിൽ വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിനെ മുൻനിർത്തിയാണ് തൃഷ വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന രീതിയിൽ പാർഥിപൻ പ്രതികരിച്ചത്.
വിജയ്‌യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിൽ ഒരു പ്രമുഖ നടിയുമായുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു എന്ന വാർത്തകൾക്കിടയിലാണ് ഈ പോര് മുറുകുന്നത്. നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നും മക്കൾക്ക് അർഹമായ ജീവനാംശം വേണമെന്നും ആവശ്യപ്പെട്ട് സംഗീത കോടതിയെ സമീപിച്ചിട്ടുണ്ട്.
കുടുംബപ്രശ്നങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ, സിനിമാ മേഖലയിലുള്ളവർ തന്നെ സഹപ്രവർത്തകരെ ഇത്തരത്തിൽ പരസ്യമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് സമൂഹമാധ്യമങ്ങളിലെ വലിയൊരു വിഭാഗം. തൃഷയുടെ ധീരമായ മറുപടിയെ അനുകൂലിച്ച് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
















