‘മലർവാടി ആർട്സ് ക്ലബ്’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഭഗത് മാനുവൽ. ഇപ്പോഴിതാ വ്യക്തിജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും വിവാഹമോചനത്തിന് ശേഷമുണ്ടായ മാനസിക പ്രയാസങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് നടൻ ഭഗത് മാനുവൽ. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം സുഹൃത്തുക്കളാണെന്നും ഷെഫ് നളനു നൽകിയ അഭിമുഖത്തിൽ നടൻ വ്യക്തമാക്കി.
‘‘വിവാഹം ഡിവോഴ്സിൽ എത്തുമെന്നത‍് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്നശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്. അവൻ എനിക്കൊപ്പമാണ്. പ്രാർഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നക്സലേറ്റായിരുന്ന അപ്പൻ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു.
അങ്ങനെയൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടിയില്ല. ഞാൻ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയം എടുത്തു. മകൻ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും.
‘മലർവാടി ആർട്സ് ക്ലബ്’ കഴിഞ്ഞശേഷമായിരുന്നു വിവാഹം. എനിക്ക് ഒരു സഹോദരിയാണ് കൂടപ്പിറപ്പായി ഉള്ളത്. വിവാഹമോചന ശേഷം ഞാൻ കൊച്ചിയിൽ തന്നെയായിരുന്നു താമസം. അതുകൊണ്ട് കുടുംബ പ്രശ്നങ്ങൾ വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് എന്റെ നാട്ടിൽ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു. പൃഥ്വിരാജിന്റെ ഫ്ലാറ്റിന്റെ തൊട്ട് താഴെയായിരുന്നു ഞാനും താമസിച്ചിരുന്നത്.
എന്റെ ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള സുഹൃത്തുക്കളെല്ലാം നല്ല ബിസിയായിരുന്നു. ഞാൻ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന് തന്നെയിരുന്ന് കള്ളു കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കയ്യിൽ നിന്നും പോയി. അതിൽ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണ്. ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ. അന്ന് ഡോർ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകൻ മനുവും ജിയോയുമൊക്കെ. അന്ന് മുതൽ അവന്മാർ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഓരോ മാലാഖമാർ ഇതുപോലെ കൂട്ടുകാരുടെ രൂപത്തിൽ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്.
അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. എല്ലാ ദിവസവും അവന് ഞാൻ ഗുഡ് മോണിങ് അയക്കും. അജു മറുപടി അയയ്ക്കാറില്ല. പക്ഷേ ഏതെങ്കിലും ഒരു ദിവസം മെസേജ് മുടങ്ങിയാൽ ഉടനെ അവന്റെ കോൾ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. അതുപോലെ തന്നൊണ് മിഥുനും. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്. ഒരു വിവാഹ ജീവിതം തകർന്നു എന്നതുകൊണ്ട് ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ ദൈവം കൊണ്ട് തരും.
ഏഴ് വർഷം മുമ്പ് ഞാൻ വീണ്ടും ഒരു വിവാഹം കഴിച്ചു. അവൾ എനിക്ക് എല്ലാ സപ്പോർട്ടുമായി ഒപ്പമുണ്ട് ഭഗത് പറഞ്ഞു. വീട്ടുകാർ ആലോചിച്ചു വന്ന വിവാഹമാണ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. കോവിഡിനുശേഷം അമ്മയ്ക്കു വയ്യാണ്ടായതും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. എന്റെ കൂട്ടുകാർ തന്നെയാണ് അമ്മ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം. ഞാൻ അവസാനം ഉപയോഗിച്ച വണ്ടി പസാറ്റ് ആണ്. കോവിഡ് തുടങ്ങിയ സമയത്ത് ആ വണ്ടി കൊടുത്തു. അതിനുശേഷം ഇന്നുവരെ ഒരു വണ്ടിയെടുക്കാൻ പോലും സാധിച്ചിട്ടില്ല. ഇപ്പോൾ ഓട്ടോയിലും ബസിലുമൊക്കെയാണ് ഷൂട്ടിങ് സെറ്റിലേക്കു പോകുന്നത്. കോവിഡിനുശേഷം സാധാരണക്കാരുടെ അടക്കമുള്ള നടന്മാരുടെ ജീവിതം ഇതുപോലെയൊക്കെ തന്നെയാണെന്നാണ് തോന്നുന്നത്’’–ഭഗത്തിന്റെ വാക്കുകൾ. ഡാലിയയാണ് ഭഗതിന്റെ ആദ്യ ഭാര്യ. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനാണ് ഇപ്പോൾ ഭഗതിന്റെ ജീവിത പങ്കാളി. സൂംബ ട്രെയിനർ ആണ് ഷെലിൻ.
















