ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരായ ആരോപണത്തിൽ ഇടപെടാതിരുന്നത് ന്യായീകരിച്ച് പൊലീസ്. കൊല്ലം റൂറൽ പൊലീസ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് വിശദീകരണം. കുടുംബ വഴക്കാണന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞു. 20 മിനിറ്റിലേറെ വീട്ടിൽ നിരീക്ഷിച്ചു. മന്ത്രിയുടെ ഭാര്യയോ വീട്ടിലുണ്ടായിരുന്ന സ്ത്രീയോ പരാതി നൽകാതെ കേസെടുക്കാൻ പറ്റില്ല. 112ൽ വരുന്ന കേളുകളിൽ കേസെടുക്കാറില്ലന്നും പൊലീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിക്കെതിരായ ആരോപണം പ്രതിപക്ഷം ആയുധമാക്കിയിരിക്കുകയാണ്. ആരോപണത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് യൂത്ത് കോൺഗ്രസ് ഒരുങ്ങുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കെഎസ്ആർടിസി ഡിപ്പോകളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ചിത്രങ്ങൾ ഉൾപ്പെടെ എല്ലാ തെളിവുകളും കയ്യിലുണ്ടെന്നും എന്നാൽ പരാതികളായി ഇനി മുന്നോട്ടു പോകുന്നില്ലെന്നും ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചിരുന്നു.
അതേസമയം, ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് സർക്കാർ. ബിന്ദു മേനോൻ പരാതി നൽകിയാൽ ഉടനടി നടപടി എടുക്കുമെന്നാണ് സർക്കാർ നിലപാട്.
















