ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ പൂജാരി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല കുറ്റിക്കോണം സജിതാ ഭവനിൽ സജിത്ത് പോറ്റി(40)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലായാണ് സജിത്ത് പോറ്റി കവർച്ച നടത്തിയത്. ഇയാൾക്കെതിരെ 25ഓളം കവർച്ചാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ അഞ്ചൽ വടമൺ ക്ഷേത്രത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ക്ഷേത്ര ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന സജിത്ത്, ശ്രീകോവിലിന് മുന്നിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിൽ കീഴ്ശാന്തിയായി ജോലി ചെയ്ത് വരികയായിരുന്നു സജിത്ത്. വടമൺ ക്ഷേത്രത്തിലും ഇയാൾ കുറച്ചുനാൾ ജോലി ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ സുരക്ഷാ രീതികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതാണ് കവർച്ചകൾ എളുപ്പമാക്കിയത്. മറ്റൊരു കവർച്ചക്കേസിൽ കൊട്ടാരക്കര പൊലീസ് പിടികൂടിയ പ്രതിയെ കോടതി മുഖാന്തരം കസ്റ്റഡിയിൽ വാങ്ങിയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ വടമൺ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
















