ഹരിയാന ഗുരുഗ്രമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നുവീണ് ഏഴുപേർ മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നിർമാണ സ്ഥലത്തെ മണ്ണിടിഞ്ഞതാണ് മതിൽ തകർന്നുവീഴാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മരിച്ച തൊഴിലാളികളുടെ ബന്ധുക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
ഇന്നലെ വൈകിട്ട് ഗുരുഗ്രാമിലെ സിദ്ധ്രാവലിയിലെ സിഗ്നേചർ ഗ്ലോബൽ സൊസൈറ്റിയിലാണ് സംഭവം നടക്കുന്നത്. നിർമാണ സ്ഥലത്തെ മണ്ണിടിഞ്ഞു മതിൽ തകർന്നപ്പോൾ 15-ഓളം തൊഴിലാളികൾ ആണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപോയത്. വൻ ശബ്ദത്തോടെ തകർന്നു വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഉടൻ തന്നെ ആളുകൾ പോലീസിനെ വിവരമറിയിക്കുകയും പോലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. ഏകദേശം ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് എല്ലാ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിച്ചത്.
പുറത്തെത്തിച്ചവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഏഴു പേര് മരിച്ചിരുന്നു. പരിക്കേറ്റ മറ്റ് നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തൊഴിലാളികളുടെ മൃതദേഹങ്ങൾ സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
















