നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. രാവിലെ 11-45ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം ഉച്ചയ്ക്ക് 12:15ന് കൊച്ചി നാവിക ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡ് മാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും.
മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ പൊതുസമ്മേളനത്തിൽ മോദി പങ്കെടുക്കും. തുടർന്ന് കലൂർ സ്റ്റേഡിയത്തിലേക്ക് എൻഡിഎ പ്രവർത്തകരുടെ റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് എൻഡിഎ സമ്മേളനത്തിലും പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 2:15 മുതൽ 3:15 വരെ കലൂർ സ്റ്റേഡിയത്തിന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ശേഷം വൈകുന്നേരം 3:20-ഓടെ പ്രധാനമന്ത്രി തിരികെ നാവിക ആസ്ഥാനത്ത് നിന്ന് നെടുമ്പാശേരിക്ക് പോകും.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
















