ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മന്ത്രിയെ ഒഴിവാക്കിയത് കേരളത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
എന്നിട്ടും ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക ക്ഷണം ഉണ്ടായില്ലെന്നും സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതു മരാമത്ത് മന്ത്രിയുടെ പേര് വെട്ടിമാറ്റി ബി.ജെപി സംസ്ഥാന അധ്യക്ഷനെ പട്ടികയിലുൾപ്പെടുത്തിയത് മോശമായെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന് പദ്ധതിയിലുള്ള റോൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ദേശീയപാത-66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപയുടെ കോഴിക്കോട് ബൈപ്പാസ് നവീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമുള്ള 23 ഗ്രാമീണ റോഡുകളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും.
ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എ ഉമ തോമസ് എന്നിവർക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് മന്ത്രിമാർ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും പങ്കെടുക്കില്ലെന്നാണ് വിവരം.
















