ദേശീയ പാതാ ആദ്യഘട്ട ഉദ്ഘാടനത്തില്‍ ക്ഷണിക്കാത്തതിൽ അതൃപ്തിയറിയിച്ച മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് എസ്. സുരേഷ്. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ്. സുരേഷ് പ്രതികരിച്ചു. മുഖ്യമന്ത്രിയെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധി അദ്ദേഹമാണ്. മുഹമ്മദ് റിയാസിനെ കൂടി ക്ഷണിച്ചാൽ മാത്രമേ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കൂ എന്ന് പറഞ്ഞാൽ ഇത് കുടുംബകാര്യമല്ല. കേരളത്തിന്റെ പൊതുകാര്യമാണെന്നും എസ് സുരേഷ് പറഞ്ഞു.
റിയാസ് കൂടി ഉണ്ടെങ്കിലെ വേദിയിലെത്താൻ പറ്റൂ എന്നാണെങ്കിൽ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ അത് അറിയിച്ചിരുന്നെങ്കിൽ അത് പരിഗണിക്കുമായിരുന്നൂ. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം അതിൽ പങ്കെടുക്കേണ്ടതാണ്. അവരുടെ കുടുംബപ്രശ്‌നമൊന്നും തനിക്കറിയില്ല. ഇത് ബഹിഷ്‌കരിച്ചാൽ സംശയംവേണ്ട, കേരളത്തിന്റെ വികസന പദ്ധതികൾ ഇത്തരത്തിലുള്ള തൊടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്‌കരിച്ചാൽ ഇടതുപക്ഷ സർക്കാരിനെ കേരളം ബഹിഷ്‌കരിക്കുന്ന കാലമാണ് വരാൻ പോകുന്നതെന്നും സുരേഷ് പറഞ്ഞു.
ദേശീയപാത കേരളത്തിലെ ഏതെങ്കിലും കുടുംബത്തിന്റെ പാതയല്ല. മുഖ്യമന്ത്രിയുടെ എല്ലാവരേയും ക്ഷണിക്കണമെന്ന് ഏത് പ്രോട്ടോകോളിലാണുള്ളത്. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള ഏല്ലാവരെയും ക്ഷണിക്കണോ. സംസ്ഥാനം ഭരിക്കുന്നത് മുഖ്യമന്ത്രിയാണ് പൊതുമരാമത്ത് മന്ത്രിയല്ല. മുഖ്യമന്ത്രിയേക്കാൾ വലിയ ആളാണ് പൊതുമരാമത്ത് മന്ത്രി എന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രി കരുതുന്നതെങ്കിൽ അതിൽ തങ്ങൾക്കൊന്നും പറയാനില്ല. റിയാസിന് പറയാനുള്ളത് അമ്മായിയപ്പനോട് പറഞ്ഞോട്ടെ എന്നായിരുന്നു എസ് സുരേഷിന്‍റെ അധിക്ഷേപം
















