ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മന്ത്രി രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇന്ന് തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രതിഷേധമുണ്ടായത്. ബസ്സുകളിൽ മന്ത്രിക്കെതിരായ പോസ്റ്ററുകൾ പതിപ്പിച്ചും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം നടത്തിയത്.
‘തുടരണോ ഈ കോഴിമന്ത്രി’ എന്നെഴുതിയ പോസ്റ്ററാണ് പ്രവർത്തകർ ബസ്സിലും പരിസരത്തും പതിപ്പിച്ചത്. പോസ്റ്ററുകൾ നീക്കംചെയ്യാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മിൽ തമ്പാനൂർ ഡിപ്പോയിൽവെച്ച് സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മർദിച്ചു എന്നാരോപിച്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സ്ഥിതിഗതി രൂക്ഷമാവുകയായിരുന്നു.
















