തിരുവനന്തപുരം: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ റിയാസിനെ പങ്കെടുപ്പിക്കണമായിരുന്നു എന്നാണ് രമേശ് ചെന്നിതല പ്രതികരിച്ചത്.
എന്നാൽ മുഖ്യമന്ത്രി ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇതിന് മുൻപ് നടന്ന കേന്ദ്രസർക്കാരിൻ്റെ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ആമാടപ്പെട്ടിയും ആറന്മുള കണ്ണാടിയും കൊടുത്ത് പ്രധാന മന്ത്രിയെ സ്വീകരിച്ചയാളാണ് മുഖ്യമന്ത്രിയെന്നും അദേഹം പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രി കാണിക്കുന്നത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്ത് എതിർപ്പ് രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
















