രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ധർ’. ഇപ്പോഴിതാ’ധുരന്ധർ 2 ‘ ആഗോള റിലീസായി മാർച്ച് 19-ന് തിയേറ്ററുകളിലെത്തുന്നതിനു മുന്നോടിയായി ചിത്രത്തിന്റെ ആദ്യഭാഗമായ ‘ധുരന്ധർ’ വെള്ളിയാഴ്ച ആഗോളതലത്തിൽ റീ റിലീസ് ചെയ്യുന്നു.
ലോകമെമ്പാടുമുള്ള ഏകദേശം 500 സ്‌ക്രീനുകളിലായാണ് ചിത്രം റീ- റിലീസായെത്തുന്നത്. വ്യാഴാഴ്ച മുതൽ ഇന്ത്യയിലെ 250-ഓളം സ്‌ക്രീനുകളിലും വ്യാഴാഴ്ച മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും ചിത്രം റീ- റിലീസ് ചെയ്യും. വമ്പൻ സിനിമകളുടെ റീ- റിലീസുകൾ ഇന്ത്യയിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും ഹിന്ദി സിനിമകളുടെ അന്താരാഷ്ട്ര റീ- റിലീസുകൾ വളരെ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളത്.
വടക്കേ അമേരിക്കയിൽ മാത്രം 185 സ്‌ക്രീനുകളിലായി ചിത്രം തിയേറ്ററുകളിലേക്ക് മടങ്ങിയെത്തും.
‘ധുരന്ധർ: പ്രതികാരം’ റിലീസിന് ഒരുദിവസം മുമ്പ് യുഎസിലും കാനഡയിലും പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കും. വിപുലമായ വാൾ- ടു- വാൾ സ്‌ക്രീനുകൾ, ഡോൾബി അറ്റ്‌മോസ് പോലുള്ള ഇമ്മേഴ്‌സീവ് സൗണ്ട് സിസ്റ്റങ്ങൾ, നിലവാരം മെച്ചപ്പെടുത്തിയ പ്രൊജക്ഷൻ, ആഡംബര ഇരിപ്പിടങ്ങൾ, വമ്പൻ ഹോളിവുഡ് ഇവന്റ് സിനിമകൾക്കായി സാധാരണയായി നീക്കിവച്ചിരിക്കുന്ന ഫോർമാറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രീമിയം ലാർജ് ഫോർമാറ്റ് (പിഎൽഎഫ്) സ്‌ക്രീനുകളിലാണ് പ്രീമിയറുകൾ നടക്കുന്നത്. പ്രവൃത്തി ദിവസമായിട്ടുകൂടി ടിക്കറ്റുകൾ വലിയ തോതിൽ വിറ്റു പോയി. അടുത്തിടെ പുറത്തിറക്കിയ ‘ധുരന്ധർ: പ്രതികാര’ത്തിന്റെ ട്രെയ്ലർ ഇതിനകം തന്നെ ആഗോള തലത്തിൽ ചർച്ചാ വിഷയമായി.
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമിച്ച ആദിത്യ ധർ ചിത്രം ‘ധുരന്ധർ: പ്രതികാരം’ രചിച്ചതും സംവിധായകൻ തന്നെയാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. പിആർഒ: ശബരി.
















