പ്രേമത്തിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ സായ് പല്ലവി ഇതാ മറ്റൊരു പ്രണയ ചിത്രവുമായി വീണ്ടും വരുന്നു. ‘ഏക് ദിൻ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ഈ റൊമാന്റിക് ഡ്രാമ ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. 17 വർഷത്തിന് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ‘ഏക് ദിൻ’ ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രവും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റവുമാണ്. ‘മഹാരാജ്’, ‘ലവ്‌യാപ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഈ ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
















