ഗ്രാമീണ മേഖലയിലും എത്തിപ്പെടാൻ പ്രയാസമുള്ള മേഖലകളിലും പാചകവാതക (എൽപിജി) ബുക്കിങ്ങിനുള്ള ഇടവേള കേന്ദ്ര സർക്കാർ 25 ദിവസത്തിൽനിന്നു 45 ദിവസമാക്കി ഉയർത്തി. പകരം വിറക് ഉപയോഗിക്കാൻ കഴിയുന്ന പ്രദേശങ്ങളെന്നു കണക്കാക്കിയാണിത്.
കേരളത്തിലെ 98 ലക്ഷത്തിലേറെ ഗാർഹിക എൽപിജി കണക്‌ഷനുകളിൽ പകുതിയോളവും ഈ മേഖലകളിലാണ്. നഗരങ്ങളിൽ വിതരണം മുടങ്ങാതിരിക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണങ്ങൾ. നഗര പ്രദേശങ്ങളിൽ 25 ദിവസത്തിനു ശേഷം ബുക്ക് ചെയ്യാം.
അതേസമയം പാചകവാതക ക്ഷാമത്തെ കുറിച്ച് ചിലർ ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിസന്ധി പരിഹരിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഡൽഹിയിൽ നടന്ന നെക്സ്റ്റ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽപിജിയുടെ പേരിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നത്. അവർ അവരെ തന്നെയാണ് തുറന്നു കാട്ടുന്നത്. ഇത്തരം പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നതിൽ എല്ലാവർക്കും പങ്കുണ്ട്. ചെറിയ രീതയിലോ വലിയ രീതിയിലോ യുദ്ധം എല്ലാവരെയും ബാധിക്കുന്നുണ്ട്. പ്രതിസന്ധി ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ടെന്ന് മോദി പറഞ്ഞു.
കരിഞ്ചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും തടയുന്നതിനായി നിരീക്ഷണം വർധിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും ഊർജ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മോദി പറഞ്ഞു.
















