നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന ജി. സുധാകരൻ നടത്തിയ പ്രഖ്യാപനം പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. അതോടൊപ്പം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലുള്ള സംസാരം ആണെന്നും എം.എ. ബേബി പറഞ്ഞു.
പാർട്ടിയിൽനിന്നും പാർട്ടിക്കാരിൽനിന്നും നേരിട്ട അവഗണന, ബ്രാഞ്ചിൽപോലും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം തുടങ്ങിയ ദുരനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വതന്ത്രനായി മത്സരിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ജി സുധാകരൻ പറഞ്ഞത്. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും ആരെങ്കിലും പിന്തുണ വാഗ്ദാനം ചെയ്താൽ പിന്തുണയുടെ സ്വഭാവം നോക്കി സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . ഇതിനെതിരെയാണ് എം.എ. ബേബി സംസാരിച്ചത്.
















