തെലങ്കാനയിൽ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് വീട്ടമ്മ മൂന്നു കുട്ടികളുമായി കിണറ്റിൽ ചാടി. മഹാബൂബ് നഗർ ജില്ലയിലെ ജംഗമ്മയാണ് മൂന്ന് കുട്ടികളുമായി കിണറ്റിൽ ചാടിയത്. സംഭവത്തിൽ ജംഗമ്മയും രണ്ട് പെൺകുട്ടികളും മരിച്ചു. മകനെ വിവരമറിഞ്ഞെത്തിയ നാട്ടുകാർ രക്ഷപ്പെടുത്തി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്.
ജംഗമ്മയുടെ ഭർത്താവ് ഭീരയ്യ അടുത്തിടെ കൃഷിയാവശ്യത്തിനായി കുഴൽക്കിണർ കുഴിച്ചിരുന്നു. എന്നാൽ വെള്ളം കിട്ടാത്തതിനെ തുടർന്ന് ഉപയോഗശൂന്യമായി. ഇതേതുടർന്ന് മറ്റൊരു കുഴൽക്കിണർ കൂടി കുഴിക്കാൻ ഭീരയ്യ തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തെ ഭാര്യ ജംഗമ്മ എതിർത്തു.
ആദ്യത്തെ കുഴൽക്കിണർ കുഴിച്ചപ്പോൾ തന്നെ സാമ്പത്തികമായി വലിയ ബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ജംഗമ്മയുടെ എതിർപ്പിനു കാരണമായത്. എന്നാൽ ഭീരയ്യ രണ്ടാമതും കുഴൽക്കിണർ കുഴിക്കാൻ ആരംഭിച്ചതോടെ മക്കളുമായി ജംഗമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
















