കെ സുധാകരന്റെ എഫ് ബി പോസ്റ്റിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഫ് ബി പോസ്റ്റ് ഇട്ടത് താൻ അല്ലെന്നാണ് സുധാകരൻ തന്നോട് പറഞ്ഞത്. ഇപ്പോൾ പറയുന്നതല്ല സുധാകരൻ ഇന്നലെ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിൽ എന്താണ് കുഴപ്പം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് മണ്ഡലമാണ് കണ്ണൂർ. അതിനേക്കാൾ വലുതാണ് കണ്ണൂർ ജില്ലയെന്നും സതീശൻ പറഞ്ഞു. കെ സുധാകരന് സ്ഥാനാർത്ഥിയാക്കാമെന്ന് ഉറപ്പ് കൊടുക്കാൻ കഴിയുന്ന വലിയ നേതാവല്ല താൻ. സ്ഥാനാർത്ഥിയാക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടുമില്ല. ആരും സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കേണ്ട. താൻ മത്സരിക്കണമെന്നതടക്കം പാർട്ടിയാണ് തീരുമാനിക്കുക. പാർട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാർത്ഥികൾ അതിന് അപ്പുറത്തേക്ക് ആരും പോകേണ്ടതില്ലെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസിൽ പ്രാദേശിക പ്രശ്‌നങ്ങളില്ലെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കാതെ എന്ത് പ്രാദേശിക പ്രശ്‌നമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നത്തെ ദിവസം തന്നെ അമ്പത് സ്ഥാനാർത്ഥികളെ തങ്ങൾക്ക് പ്രഖ്യാപിക്കാനാകുമെന്നും സതീശൻ പറഞ്ഞു. പറവൂരിൽ കെ സുധാകരന് അനുകൂലമായ പോസ്റ്റർ വെച്ചത് സിപിഐഎമ്മുകാർ ആയിരിക്കും. പറവൂരിൽ പോസ്റ്റർ വെച്ചിട്ട് എന്താണ് കാര്യം, അവിടെ എന്താണ് പ്രശ്‌നം. അവിടെയാണോ അദ്ദേഹം സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്?. അങ്ങനെയാണെങ്കിൽ താൻ മാറിക്കൊടുക്കാമെന്നും സതീശൻ വ്യക്തമാക്കി.
ശബരിയിലെ എസ്‌ഐടി അന്വേഷണത്തിൽ ജനങ്ങൾക്കൊപ്പം പ്രതിപക്ഷത്തിനും ഉത്കണ്ഠയുണ്ട്. തന്ത്രിയുടെ അറസ്റ്റിന് മതിയായ തെളിവുകളില്ലെന്ന് കോടതിയാണ് പറഞ്ഞത്. കേസിൽ പുറത്തിറങ്ങി പ്രതികൾ ഇനി തെളിവുകളെല്ലാം നശിപ്പിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
















