ബീഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് രാജ്യം. ബുധനാഴ്ച വൈകുന്നേരം നടന്ന ഈ അത്യന്തം ദാരുണമായ സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസികളായ അഞ്ച് യുവാക്കളാണ് പ്രതിസ്ഥാനത്തുള്ളത്. ഒരാളെ പോലീസ് പിടികൂടിയെങ്കിലും ബാക്കി നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തനിച്ചു തന്റെ കുടുംബവീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പ്രതികൾ ആക്രമിച്ചത്. വഴിയിൽ പതിയിരുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ ബലം പ്രയോഗിച്ച് സമീപത്തെ ഒരു ശുചിമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയ്ക്ക് മുന്നിൽ വെച്ചാണ് പ്രതികൾ ക്രൂരതയുടെ അങ്ങേഅറ്റം പ്രവർത്തിച്ചത്. പിടിക്കപ്പെടുമെന്ന് ഭയന്ന അക്രമികൾ പെൺകുട്ടിയെ സമീപത്തെ കിണറ്റിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം തന്നെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ പെൺകുട്ടിയുടെ വീടിന് സമീപത്തുള്ളവർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ബാക്കി നാലുപേർക്കായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
















