വാഴപ്പഴം കഴിച്ചിട്ട് ഉടനെ വെള്ളം കുടിക്കുന്നവർ ആണോ നിങ്ങൾ. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ദഹനത്തെ ഇത് ദോഷകരമായി ബാധിക്കും. വാഴപ്പഴം ശരീരത്തിന് ഒരു തണുപ്പ് നൽകുന്ന പഴമാണ്. പഴം കഴിച്ചാൽ ഉദരത്തിൽ വച്ച് ദഹനരസങ്ങൾ ഇതിനെ വിഘടിപ്പിക്കും. പഴം കഴിച്ചയുടനെ വെള്ളം കുടിച്ചാൽ ദഹനരസങ്ങളെ അത് നേർപ്പിക്കും. ഇത് ദഹനം സാവധാനത്തിലാക്കും. ചിലരിൽ ഇത് അസ്വസ്ഥതയുണ്ടാക്കും. പഴം ശരിയായി ദഹിച്ചില്ലെങ്കിൽ വയറു കമ്പിക്കലും ദഹനക്കേടും ഉണ്ടാകുന്നു.
ആയുർവേദം അനുസരിച്ച് വാഴപ്പഴം ശരീരത്തിൽ കഫദോഷം വർധിപ്പിക്കും. വാഴപ്പഴം കഴിച്ചയുടനെ തണുത്ത വെള്ളം കുടിച്ചാൽ അത് ശരീരത്തിന്റെ ആന്തരിക സന്തുലനത്തെ ബാധിക്കുകയും തൊണ്ടയ്ക്ക് അസ്വസ്ഥത, ചുമ, ജലദോഷം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും. കഫം അധികമുള്ളവരിലാണ് ഇതിന് സാധ്യത കൂടുതൽ. വാഴപ്പഴത്തിൽ ഫൈബറും നാച്വറൽ ഷുഗറും ധാരാളമുണ്ട്. വാഴപ്പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നത് പഞ്ചസാരയുടെ ആഗിരണം വേഗത്തിലാക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താൽക്കാലികമായി കൂടാൻ കാരണമാകും.
വാഴപ്പഴം കഴിച്ചശേഷം വെള്ളം കുടിക്കുന്നത് ഉദരത്തിലെ ആസിഡുകളുടെ സന്തുലനത്തെ ബാധിക്കും. ഇത് വയറിനു കനം, വായുകോപം, വയറിന് അസ്വസ്ഥത എന്നിവ ചിലരിലുണ്ടാക്കും. ചിലർക്ക് ഓക്കാനം വരും. പഴം കഴിച്ചശേഷം കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ കഴിഞ്ഞ ശേഷമേ വെള്ളം കുടിക്കാവൂ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. നല്ല ദാഹം തോന്നുന്നവർ പഴം കഴിച്ചയുടനെ വെള്ളം കുടിക്കുന്നതിനു പകരം, പഴം കഴിക്കുന്നതിനു പത്തോ പതിനഞ്ചോ മിനിറ്റ് മുൻപ് വെള്ളം കുടിക്കുക. വാഴപ്പഴം ഊർജത്തിന്റെ മികച്ച ഉറവിടമാണ്. ഇതിന്റെ പൂർണമായ ഗുണങ്ങൾ ലഭിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മൈൻഡ്ഫുൾ ഈറ്റിങ്ങ് സഹായിക്കും.
















