ഓഫീസിലെ ഇടവേളകളിലും മറ്റും ചൂടു ചായയ്ക്കൊപ്പം ഒരു സിഗരറ്റ് വലിക്കുന്നത് പലരുടെയും സ്ഥിരം ശീലമാണ്. എന്നാൽ ലളിതമെന്ന് തോന്നുമെങ്കിലും അതീവ അപകടകരമായ ഒന്നാണ് ഈ കോംബോയെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ചൂടു ചായയ്ക്കൊപ്പം സിഗരറ്റ് ഉപയോഗിക്കുന്നത് അന്നനാളത്തിൽ കാൻസർ (Esophageal Cancer) വരാനുള്ള സാധ്യത വളരെയധികം വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ചൂടു തട്ടുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തും. ഇതിനൊപ്പം, സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കൾ കൂടി ചേരുമ്പോൾ കോശങ്ങൾ നശിക്കാനുള്ള സാധ്യത വർധിക്കുന്നു.
2023-ൽ അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുകവലിക്കുന്നതിനൊപ്പം ചൂടുള്ള ചായ കുടിക്കുന്നത് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുമെന്ന് വ്യക്തമാക്കുന്നു.
സിഗരറ്റ് ശ്വാസകോശ അർബുദത്തിന് ഒരു പ്രധാന കാരണമാണ്. ഇതിനൊപ്പം പതിവായി ചൂട് ചായ കൂടി ചേരുമ്പോള്‍, ശ്വാസകോശത്തിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. സ്ഥിരമായി പുകവലിക്കുന്നവർക്ക് ഈ കോശങ്ങളിൽ മുറിവുകൾ ഉണ്ടാകാനും, പിന്നീട് അവ കാൻസർ കോശങ്ങളായി മാറാനും ഇടയുണ്ട്.
സിഗരറ്റ് വലിക്കുന്നതിലൂടെ ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ അപകടകരമായ രാസവസ്തുക്കൾ തൊണ്ടയിൽ എത്താനും. ഇതിനൊപ്പം ചൂടുള്ള ചായ കൂടി കുടിക്കുമ്പോൾ, തൊണ്ടയിലെ കോശങ്ങൾ വേഗത്തില്‍ നശിക്കുന്നു. ഇത് തൊണ്ടയിൽ സ്ഥിരമായ നീർക്കെട്ടിനും ശബ്ദ മാറ്റങ്ങൾക്കും കാരണമാകും. ഈ ശീലം തുടർന്നാൽ, അത് കാലക്രമേണ തൊണ്ടയിൽ ക്യാൻസറിന് കാരണമാകും.
പുകയിലയിലെ നിക്കോട്ടിൻ ഹൃദയമിടിപ്പും രക്തസമ്മർദവും കൂട്ടും. അതുപോലെ, ചായയിലെ കഫീനും അമിതമായാൽ ഹൃദയത്തിന് കൂടുതൽ സമ്മർദമുണ്ടാക്കും. ഈ രണ്ട് ശീലങ്ങളും ഒരുമിച്ചാകുമ്പോൾ അത് ഹൃദയാഘാതത്തിനും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകും. അതിനാൽ, ഇത് ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.















