സാധാരണ നാരങ്ങാവെള്ളത്തിൽ നിന്നും വ്യത്യസ്തമായി കൂൾബാറുകളിൽ കിട്ടുന്ന ആ പ്രത്യേക രുചിയിൽ ഇഞ്ചി, ഏലയ്ക്ക, കശുവണ്ടി എന്നിവ ചേർത്ത് എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
നാരങ്ങ – 2 എണ്ണം
ഏലയ്ക്ക – 2-3 എണ്ണം
കസ്കസ് – 1 ടീസ്പൂൺ
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കശുവണ്ടി – 5-6 എണ്ണം
വെള്ളം – ആവശ്യത്തിന്
പഞ്ചസാര – മധുരത്തിന് ആവശ്യമായത്
ഐസ്ക്യൂബ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കസ്കസ് അല്പം വെള്ളത്തിലിട്ട് 10-15 മിനിറ്റ് കുതിർക്കാൻ വെക്കാം. ഇത് ശരീരത്തിന് തണുപ്പ് നൽകാൻ സഹായിക്കും. കശുവണ്ടി അല്പം വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് അത് നന്നായി അരഞ്ഞു കിട്ടാൻ സഹായിക്കും. മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, ഏലയ്ക്ക, കുതിർത്ത കശുവണ്ടി, ആവശ്യത്തിന് പഞ്ചസാര എന്നിവ ചേർക്കാം. ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കാം. ഏലയ്ക്കയുടെയും ഇഞ്ചിയുടെയും ഗുണവും കശുവണ്ടിയുടെ ക്രീമി സ്വഭാവവും വെള്ളത്തിന് നല്ലൊരു രുചി നൽകും. അടിച്ചെടുത്ത മിശ്രിതത്തിലേക്ക് നാരങ്ങാനീര് ഒഴിക്കാം. ശേഷം ആവശ്യത്തിന് തണുത്ത വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സിയിൽ പതപ്പിച്ചെടുക്കാം. ഒരു അരിപ്പ ഉപയോഗിച്ച് ഇത് ഗ്ലാസ്സിലേക്ക് അരിച്ചൊഴിക്കാം. ഗ്ലാസ്സിലേക്ക് ആവശ്യത്തിന് ഐസ്ക്യൂബുകൾ ഇടുക. ഇതിനു മുകളിലായി നേരത്തെ കുതിർത്തു വെച്ച കസ്കസ് ചേർക്കുക. വേണമെങ്കിൽ അലങ്കാരത്തിനായി ഒരു കഷ്ണം നാരങ്ങയോ പുതിനയിലയോ വയ്ക്കാവുന്നതാണ്.
















