അടുക്കളയിലുള്ള വളരെ ചുരുക്കം സാധനങ്ങൾക്കൊണ്ട് സ്വാദിഷ്‌ഠമായി തയ്യാറാക്കാവുന്ന ഒരു മധുരപ്പലഹാരമാണ് മലാഡു. പരമ്പരാഗത ദക്ഷിണേന്ത്യൻ വിഭവമായ ഈ പലഹാരത്തിന് ആരാധകരും ഏറെയാണ്. പാലക്കാട് ഭാഗത്തൊക്കെ വളരെ ശ്രദ്ധേയമാണ് ഈ മലാഡു. കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തുവിടാനും വൈകുന്നേരങ്ങളിൽ നൽകാനും പറ്റിയ പ്രോട്ടീൻ സമ്പുഷ്‌ടവും നാവിലിട്ടാൽ അലിഞ്ഞുപോകുന്നതുമായ ഒരു ഹെൽത്തി സ്‌നാക്കാണിത്. വെറും പതിനഞ്ച് മിനിറ്റ് മതിയാകും ഇത് തയ്യാറാക്കാൻ. ഇനി രുചികരമായ മലാഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ.
ചേരുവകൾ
വറുത്ത കടല അല്ലെങ്കിൽ പൊട്ടുകടല- ഒരു കപ്പ്
പഞ്ചസാര അല്ലെങ്കിൽ ശർക്കര പൊടിച്ചത്- അരക്കപ്പ്
നെയ്യ്- മൂന്ന് മുതൽ നാല് ടേബിൾസ്‌പൂൺ വരെ
ഏലയ്‌ക്ക- മൂന്ന് എണ്ണം
ഉണക്ക മുന്തിരി കശുവണ്ടി- ആവശ്യാനുസരണം
തേങ്ങാക്കൊത്ത്- വേണമെങ്കിൽ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു കപ്പ് വറുത്ത കടല അല്ലെങ്കിൽ പൊട്ടുകടല മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം അരക്കപ്പ് ശർക്കര അല്ലെങ്കിൽ പഞ്ചസാര, മൂന്ന് ഏലയ്‌ക്ക എന്നിവയും ചേർത്ത് നന്നായി പൊടിക്കുക. ഇനി പൊടിച്ച കടലമാവും പഞ്ചസാരപ്പൊടിയും ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇനി വറുത്ത അണ്ടിപ്പരിപ്പും ചൂടുള്ള നെയ്യും ഒന്നിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന പൊടിയിലേക്ക് ഒഴിക്കുക. ഈ മിശ്രിതം ഒരു സ്‌പൂൺ ഉപയോഗിച്ച് നന്നായി ഇളക്കിയതിന് ശേഷം ചൂട് ചെറുതായി കുറയുമ്പോൾ കൈകൊണ്ട് അമർത്തി ചെറിയ ഉരുളകളാക്കി മാറ്റുക. നല്ല സ്വദിഷ്‌ഠമായ മലാഡു തയ്യാർ ഞൊടിയിടയിൽ.















