ഒഡീഷയിലെ കട്ടക്കിലുള്ള പ്രമുഖ സർക്കാർ ആശുപത്രിയായ എസ്.സി.ബി (SCB) മെഡിക്കൽ കോളേജിലുണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ 2.30-ഓടെ ആശുപത്രിയിലെ ക്രിട്ടിക്കൽ ഐസിയു യൂണിറ്റിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ട്രോമ കെയർ വിഭാഗത്തിലെ ഐസിയുവിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.
പുലർച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്തുണ്ടായ തീപിടിത്തം ആശുപത്രിയിൽ വലിയ പരിഭ്രാന്തി പരത്തി. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അധികൃതരും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടയിലാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്.
പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ മറ്റ് വാർഡുകളിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിവരികയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമികമായി സംശയിക്കുന്നുണ്ടെങ്കിലും, അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാലേ കൂടുതൽ വ്യക്തത ലഭിക്കൂ.
















