ഓസ്കറില്‍ പുതു ചരിത്രം രചിച്ച് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്. ഛായാഗ്രഹണത്തിനുള്ള ഓസ്‌കർ നേടുന്ന ആദ്യ വനിതയായി ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്. ഹൊറർ-ത്രില്ലർ ചിത്രമായ ‘സിന്നേഴ്‌സ്’ ആണ് അവരെ അപൂർവ നേട്ടത്തിന് അർഹയാക്കിയത്.
IMAX 65mm, അൾട്രാ പാനവിഷൻ ക്യാമറകൾ ഉപയോഗിച്ച് ഒരു സിനിമ ചിത്രീകരിക്കുന്ന ആദ്യ വനിതാ ഛായാഗ്രാഹക എന്ന അപൂർവ നേട്ടവും ‘സിന്നേഴ്‌സി’ലൂടെ ആർക്കപാവ് സ്വന്തമാക്കിയിട്ടുണ്ട്. ഫിലിപ്പിനോ, ആഫ്രിക്കൻ അമേരിക്കൻ ക്രിയോൾ വംശജയായ ആർക്കപാവ്, ഈ വിഭാഗത്തിൽ പുരസ്‌കാരം നേടുന്ന ആദ്യ കറുത്തവർഗക്കാരിയാണ്. ഛായാഗ്രഹണത്തിന് ഇതിനുമുമ്പ് മൂന്ന് വനിതകളെ മാത്രമാണ് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. 2018-ൽ ‘മഡ്ബൗണ്ടി’ന് വേണ്ടി റേച്ചൽ മോറിസൺ, 2021-ൽ ‘ദി പവർ ഓഫ് ദി ഡോഗി’ന് വേണ്ടി ഏരിയ വെഗ്‌നർ, 2022-ൽ ‘എൽവിസി’ന് വേണ്ടി മാൻഡി വാക്കർ എന്നിവരായിരുന്നു അവർ.
സിനിമാ രംഗത്തുള്ള മറ്റ് വനിതകൾക്ക് പുരസ്‌കാരം സ്വീകരിച്ചശേഷം ആർക്കപാവ് നന്ദി പറഞ്ഞു. ‘ഈ രംഗത്ത് വനിതകളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. നിരവധി പേരെ കണ്ടുമുട്ടി. ഇത്തരം നിമിഷങ്ങൾ നിങ്ങളെപ്പോലുള്ളവർ ഉള്ളതുകൊണ്ടാണ് സംഭവിക്കുന്നതെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് നിങ്ങൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു.’- അവർ പറഞ്ഞു.
സംവിധായകൻ റയാൻ കൂഗ്ലറുമായുള്ള അവരുടെ രണ്ടാമത്തെ പ്രോജക്റ്റാണ് ‘സിന്നേഴ്‌സ്’. ഇരുവരും മുമ്പ് ‘ ‘Black Panther: Wakanda Forever’ എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ‘സിന്നേഴ്‌സ്’ മികച്ച ചിത്രം, സംവിധായകൻ, മൈക്കിൾ ബി. ജോർദാനുള്ള നടൻ, വുൻമി മോസകുവിനുള്ള സഹനടി, ഡെൽറോയ് ലിൻഡോയ്ക്കുള്ള സഹനടൻ, യഥാർത്ഥ തിരക്കഥ, കാസ്റ്റിംഗ്, പ്രൊഡക്ഷൻ ഡിസൈൻ, ഛായാഗ്രഹണം, കോസ്റ്റ്യൂം ഡിസൈൻ, ഫിലിം എഡിറ്റിംഗ്, മേക്കപ്പ്, ഹെയർ സ്‌റ്റൈലിങ്, സൗണ്ട്, വിഷ്വൽ ഇഫക്ട്‌സ്, ഒറിജിനൽ സ്‌കോർ, ‘ഐ ലൈഡ് ടു യു’ എന്ന ഗാനത്തിനുള്ള ഓറിജിനൽ സോങ് എന്നിങ്ങനെ 16 ഓസ്‌കാർ നാമനിർദ്ദേശങ്ങൾ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
















