വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ തന്റെ ഭൂരിപക്ഷം ഇരട്ടിയാകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. മണ്ഡലത്തിലെ ജനങ്ങളുമായുള്ള അഭേദ്യമായ ആത്മബന്ധവും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും തനിക്ക് തുണയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറയാനുണ്ടായ സാഹചര്യം കോവിഡ് ബാധിച്ചതിനാലാണെന്നും ഇത്തവണ ജനവിധി തനിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ താൻ കുടുക്കിയെന്ന രീതിയിൽ ഉയരുന്ന ആരോപണങ്ങൾക്ക് ഗണേഷ് കുമാർ ശക്തമായ ഭാഷയിൽ മറുപടി നൽകി. “ജീവിതത്തിൽ ഇന്നുവരെ ആരെയും ഞാൻ കുടുക്കിയിട്ടില്ല. അത്തരമൊരു ആരോപണം ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് അത് നേരത്തെ ഉന്നയിച്ചില്ല?” എന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പലരും കളവ് പ്രചരിപ്പിക്കുകയാണെന്നും ഇത്തരം കുതന്ത്രങ്ങൾ പത്തനാപുരത്ത് ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ ജനവിധിയെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. തന്നെ വിശ്വസിച്ച് കൂടെ നിൽക്കുന്നവരെ സംശയിക്കുന്ന സ്വഭാവം തനിക്കില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് മുഖത്ത് നോക്കി തന്നെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ആരാണെന്ന് പത്തനാപുരത്തെ വോട്ടർമാർക്ക് നന്നായി അറിയാമെന്നും പുതിയ ആരോപണങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെങ്കിൽ അത് ഒരുക്കി കൈയിൽ തന്നെ വച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.
















