ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തിന് പിന്നാലെ നിയമപോരാട്ടത്തിനായി മുതിർന്ന അഭിഭാഷകനെ മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് ബോർഡിന്റെ നിർണ്ണായക നീക്കം. പകരം പ്രമുഖ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇനി ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും.
നേരത്തെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് രാകേഷ് ദ്വിവേദി കോടതിയിൽ ബോർഡിന് വേണ്ടി സ്വീകരിച്ചിരുന്നത്. എന്നാൽ കേസിൽ പുനഃപരിശോധനാ ഹർജികൾ പരിഗണനയ്ക്ക് വരുമ്പോൾ ബോർഡിന്റെ പരിഷ്കരിച്ച നിലപാട് ശക്തമായി അവതരിപ്പിക്കാനാണ് സിംഗ്‌വിയെ നിയോഗിച്ചിരിക്കുന്നത്. ശബരിമലയിലെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട നിയമപരമായ വാദങ്ങളിൽ സിംഗ്‌വിയുടെ സാന്നിധ്യം ബോർഡിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ശ്രദ്ധേയമായ കാര്യം, മുൻപ് ഇതേ വിഷയത്തിൽ യുവതി പ്രവേശനത്തെ എതിർത്ത് കോടതിയിൽ വാദിച്ച വ്യക്തിയാണ് അഭിഷേക് മനു സിംഗ്‌വി എന്നതാണ്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ പ്രയാർ ഗോപാലകൃഷ്ണന് വേണ്ടിയായിരുന്നു അദ്ദേഹം അന്ന് ഹാജരായത്. പഴയ നിലപാടുകളിലേക്ക് ബോർഡ് തിരികെ പോകുന്നു എന്ന സൂചനകൾക്കിടെയാണ് സിംഗ്‌വിയുടെ ഈ പുനപ്രവേശനം രാഷ്ട്രീയ-നിയമ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.
















